മഴയും മഞ്ഞും കൂസാതെയുള്ള പ്രസംഗം. ആർഎസ്എസിനെതിരായ പക്വതയുള്ള വിമർശനം 'ഹാഫ് നോൺ-വെജ് സമൂസ' പരാമർശം. ജോഡോ യാത്ര അവസാനിക്കുമ്പോൾ ഉദയം കൊള്ളുന്നത് പുതിയ രാഹുൽ ഗാന്ധിയും പുതിയ രീതികൾ പഠിച്ച കോൺഗ്രസും.
രാഷ്ട്രീയം പറയുന്നതിനോടൊപ്പം അത് കാലഘട്ടത്തിന്റെ ചേരുവകൾ ചേർത്ത് എങ്ങനെ വിളമ്പണം എന്ന് കൂടി കോൺഗ്രസ് മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു
ഭാരത് ജോഡോ യാത്ര ഉയർത്തിയ രാഷ്ട്രീയം വിശദമായി ചർച്ച ചെയ്യേണ്ടതാണ്. അതിനൊപ്പം സോഷ്യൽ മീഡിയ മാനേജ്മെന്റിന്റെ രാഷ്ട്രീയ പ്രാധാന്യം മനസ്സിലാക്കിയുള്ള കോൺഗ്രസ് ഇടപെടലും തല നരച്ച കോൺഗ്രസിൽ നിന്നുള്ള മാറ്റം സൂചിപ്പിക്കുന്നതാണ്. ആർക്കും സമീപിക്കാൻ കഴിയാത്ത നേതാവെന്നിടത്ത് നിന്ന് ആളുകളുടെ ഇടയിൽ തോളത്ത് കൈയിട്ട് നിന്ന് കാര്യങ്ങൾ പങ്ക് വെക്കുന്ന പുതിയ രാഹുൽ ഗാന്ധി ! ഹൈദരാബാദിൽ യാത്രയ്ക്കിടെ ബോധരഹിതയായ പാർട്ടി പ്രവർത്തകയെ പരിചരിക്കുകയും വെള്ളം നൽകുകയും ചെയ്യുന്നത് മുതൽ കൂടെ നടന്ന കുട്ടിയുടെ ഷൂ ലൈസ് കെട്ടി നൽകുന്നത് വരെയുള്ള ദൃശ്യങ്ങൾ എല്ലാവർക്കും അപ്രാപ്യനായ നേതാവെന്ന പ്രതിച്ഛായയ്‌ക്കെതിരായ പ്രചാരണത്തിന് കോൺഗ്രസ് ഉപയോഗപ്പെടുത്തുന്നുണ്ട്.
കർണാടകയിലെ മൈസൂരുവിൽ കനത്ത മഴയിൽ പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ടെലിപ്രോംപ്റ്റർ പ്രാസംഗികൻ അല്ല, ഒരു കുട പോലുമില്ലാതെ തന്നെ കേൾക്കാൻ നിൽക്കുന്ന ആളുകളോട് അവർക്കിടയിൽ നിന്ന് സംസാരിക്കുന്ന നേതാവാണ് എന്ന് വിളിച്ച് പറയുകയാണ്. വളരെ വൈകി സോഷ്യൽ മീഡിയ മാനേജ്മെന്റിന്റെ പ്രാധാന്യം മനസ്സിലാക്കിയതെങ്കിലും യാത്രയിൽ ഉടനീളം കോൺഗ്രസ് സംഘടന സംവിധാനങ്ങൾ അത് ഫലപ്രദമായി ഉപയോഗപ്പെടുത്തി. ജാഥ അവസാനിക്കുന്ന ദിവസം കശ്മീർ താഴ്വരയിലെ മഞ്ഞ് തുള്ളികൾ അലസമായി കിടക്കുന്ന രാഹുലിന്റെ താടിയിൽ പറ്റി പിടിച്ചിരിക്കുന്നത് ഭംഗിയിൽ പകർത്തി വൈറലാകാൻ സാധ്യതയുള്ള ഡയലോകും കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുന്ന കോൺഗ്രസിനെയാണ് കണ്ടത്.
പല്ല് ഉപയോഗിച്ച് കരിമ്പിന്റെ തൊലി കളയുന്ന രാഹുൽ ഗാന്ധിയും കഴിച്ച് കൊണ്ടിരിക്കുന്ന സമൂസ വെജിറ്റേറിയനാണോ എന്ന ചോദ്യത്തിന്
"ഞാൻ വിളമ്പുകാരനോട് ചോദിച്ചു, ഇത് 'ഹാഫ് വെജ്, പകുതി നോൺ-വെജ്' എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്'' എന്ന് ചിരിച്ച് കൊണ്ട് മറുപടി പറയുന്ന രാഹുൽ ഗാന്ധിയും റീലുകളിൽ ജീവിക്കുന്ന പുതിയ തലമുറയുടെ ശ്രദ്ധ അതേ റീലുകളിലുടെ നേടാനുള്ള വിജയിച്ച ശ്രമത്തിന്റെ കൂടി ഭാഗമാണ്. രാഷ്ട്രീയം പറയുന്നതിനോടൊപ്പം അത് കാലഘട്ടത്തിന്റെ ചേരുവകൾ ചേർത്ത് എങ്ങനെ വിളമ്പണം എന്ന് കൂടി കോൺഗ്രസ് മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. പ്രിയങ്കയെ സ്നേഹത്താൽ വീർപ്പ് മുട്ടിക്കുന്ന സഹോദരനിൽ തുടങ്ങി അമ്പലത്തിലും ക്രൈസ്തവ ദേവാലയത്തിലും ദർഗയിലും കയറിയ രാഹുലിന്റെ ദൃശ്യങ്ങൾ സംയോജിപ്പിച്ച റീലുകൾ വരെ കോൺഗ്രസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാന്റിലുകളിൽ കാണാം. ആർ എസ് എസിനെതിരായ രാഹുലിന്റെ വിമർശനം മിനുറ്റുകൾ നീളുന്ന പ്രസംഗമായി പോസ്റ്റ് ചെയ്യലല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്കോടെ 90 സെക്കന്റ് മാത്രമുള്ള റീൽസായി നൽകലാണ് ആളുകളിലേക്ക് എത്തുക എന്ന തിരിച്ചറിവ് കോൺഗ്രസിനുണ്ടാവുന്നത് ചെറിയ കാര്യമായി കരുതാനാവില്ല.
അടിമുടി ആർഎസ്എസ് വിമർശനം
ആർഎസ്എസ് നാടിനെ ഭിന്നിപ്പിക്കുകയാണെന്നും അത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും ഓരോ വേദികളിലും രാഹുൽ ഊന്നി ഊന്നി പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്റെ ഭരണത്തിലെ പോരായ്മയോ നയങ്ങളിലെ വിമർശനമോ എന്നതിലുപരി ആർ എസ് എസ് മുന്നോട്ട് വെക്കുന്ന പ്രത്യയ ശാസ്ത്രത്തിനെതിരായ പ്രചാരണത്തിനാണ് രാഹുൽ കൂടുതൽ സമയം കണ്ടെത്തിയത്. അമ്പലവും പള്ളിയും ദർഗകളും സന്ദർശിക്കുന്ന വേളകളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരായ സന്ദേശമാണ് പകർന്നുകൊണ്ടിരുന്നത്. സുരക്ഷ പ്രശ്നമുണ്ടാകുമെന്ന മുന്നറിയിപ്പുകളെ തള്ളി കശ്മീരിന്റെ മണ്ണിലൂടെ നടന്ന് നീങ്ങാനുള്ള തീരുമാനം അടിച്ചമർത്തലല്ല കൂടെ നിൽക്കലാണ് രാഷ്ട്രീയം എന്ന സന്ദേശം പകർന്ന് നൽകലായിരുന്നു. തന്റെ പൂർവികർ അടക്കം നടപ്പിലാക്കിയ നയങ്ങൾ ഒരു ജനത തുറന്ന ജയിലിൽ അടക്കപ്പെട്ടതിലുള്ള കുറ്റബോധവും തിരുത്താനുള്ള മനസ്സും ആ വാക്കുകളിൽ ഉണ്ടായിരുന്നു.
വരുൺ ഗാന്ധിയെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ നൽകിയ മറുപടിയിൽ പോലും ആർ എസ് എസിനെതിരായ ശക്തമായ നിലപാട് വ്യക്തമായിരുന്നു.
''ഞാൻ ഒരിക്കലും ഒരു ആര്‍എസ്എസ് ഓഫീസില്‍ പോകില്ല. നിങ്ങള്‍ എന്റെ കഴുത്തറുത്ത് കൊല്ലുമെന്ന് പറഞ്ഞാലും ഞാന്‍ പോകില്ല. എന്റെ കുടുംബം വിശ്വസിക്കുന്ന ഒരു പ്രത്യേയ ശാസ്ത്രമുണ്ട്. വരുണ്‍ ഗാന്ധിയെ കണ്ട് സംസാരിക്കാനും കെട്ടിപ്പിടിക്കാനും എനിക്ക് കഴിയും. അദ്ദേഹത്തെ സ്‌നേഹിക്കാനും കഴിയും. എന്നാല്‍ അദ്ദേഹം വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തെ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല "
കേന്ദ്ര സർക്കാരിനെതിരായ രാഷ്ട്രീയ യാത്രയല്ല ആർ എസ് എസ് മുന്നോട്ട് വെക്കുന്ന വെറുപ്പിന്റെ ആശയങ്ങൾക്കെതിരായ യാത്രയാണ് രാഹുൽ പൂർത്തിയാക്കിയത്. സോഷ്യൽ മീഡിയയിലെ വൈറൽ ക്ലിപ്പുകൾക്കപ്പുറത്ത് ആ ആശയത്തെ നെഞ്ചിലേറ്റിയ എത്ര പ്രവർത്തകരെ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞുവെന്നിടത്താണ് ജോഡോ യാത്ര കോൺഗ്രസിന്റെ ഭാവിയിലേക്ക് വെളിച്ചം വീശുന്നതാവുക .
Comments
Post a Comment