പൊന്മളയുടെ പ്രസംഗവും എസ് എസ് എഫ് പ്രമേയവും
• സംഘടനയുടെ നിലപാടില്ലായ്മ ചോദ്യം ചെയ്യപ്പെട്ടുമ്പോൾ ഒരു കൂട്ടരെ രാജ്യത്തിനെതിരായ ഭീകരവാദികളായി ചിത്രീകരിക്കാനാണ് SSF നേതൃത്വം ശ്രമിക്കുന്നത്.
• ബിജെപി പൊതുയോഗങ്ങളിൽ പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാരും എസ് എസ് എഫും പരാമർശിക്കപ്പെടുമെന്നതിൽ സംശയം വേണ്ട.
ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനത്തിൽ സമസ്‌ത എ പി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ നടത്തിയ പ്രസംഗം. ഇന്ത്യയിൽ മുസ്ലിം സമുദായം വെല്ലുവിളി നേരിടുന്നില്ലെന്ന് ചൂണ്ടികാട്ടുന്നതായിരുന്നു പ്രസംഗത്തിന്റെ ചുരുക്കം.
"നമ്മൾ ഇവിടെ നടത്തുന്നത് പോലെയുള്ള പ്രവർത്തനങ്ങളെക്കെ എവിടെയാണ് നടക്കുക. നമ്മൾക്ക് പരിചയമുള്ള ഗൾഫ് നാടുകൾ, ഖത്തറായാലും കുവൈറ്റായാലും ബഹ്റൈനായാലും സൗദി അറേബ്യ യായാലും... ഇനി കിഴക്കൻ രാജ്യങ്ങളിലേക്ക് അങ്ങോട്ട് നോക്കുകയാണെങ്കിൽ മലേഷ്യ, സിംഗപ്പൂർ... അങ്ങോട്ട് നോക്കുകയാണെങ്കിലും ഒരിടത്തും നമ്മളെപ്പോലെ പ്രവർത്തനത്തിന് പറ്റിയ ഒരു രാജ്യമില്ല, അതല്ലേ ശരി. വെള്ളിയാഴ്ച വഅള് ( മതപ്രഭാഷണം) പറയാൻ നമ്മുടെ രാജ്യത്ത് ഒരു തടസ്സവുമില്ല. "
- പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ -
സൗദി അറേബ്യ അടക്കമുള്ള രാജഭരണം നിലനിൽക്കുന്ന സലഫി രാഷ്ട്രങ്ങളിലടക്കം സമസ്തയടക്കമുള്ള സംഘടനകൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മ ചൂണ്ടികാട്ടുകയായിരുന്നു പൊന്മള ലക്ഷ്യമിട്ടത്. പക്ഷേ നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഇങ്ങനെ വെറുതെ പറഞ്ഞ് പോയാൽ മതിയോ എന്നതാണ് ചോദ്യം. ഇപ്പോൾ രാജ്യം അനുഭവിക്കുന്ന മതസ്വാതന്ത്ര്യമടക്കം ശക്തമായ ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഇവിടെ അനുവദിക്കപ്പെട്ടതും അതിനെ മുൻ നിർത്തി മാത്രം സംരക്ഷിച്ച് പോകുന്നതുമാണ്. പൊന്മുള ചൂണ്ടികാട്ടുന്നത് പോലെ വെള്ളിയാഴ്ച പ്രാർത്ഥനക്കോ പ്രഭാഷണത്തിനോ ഇവിടെ വിലക്കില്ലാത്തപ്പോൾ തന്നെ ആ മതസ്വാതന്ത്ര്യം വലിയൊരു ഭീഷണിയുടെ വക്കിലുമാണ്. ആക്രമിക്കപ്പെടുന്ന പള്ളികളും ന്യൂനപക്ഷങ്ങളുമൊന്നും സമസ്ത നേതാവിനെ അലോസരപ്പെടുത്തുന്നില്ല. ആർ എസ് എസ് വിഭാവനം ചെയ്യുന്ന ഇന്ത്യയിലെ മുസ്ലിങ്ങളെക്കുറിച്ച് മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞത് കൂടി കൂട്ടിവായിക്കാം.
"മുസ്‌ലിങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ല. നമുക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല എന്ന യുക്തി മുസ്‌ലിങ്ങള്‍ ഉപേക്ഷിക്കണം. എന്നാലവര്‍ തങ്ങളുടെ മേല്‍ക്കോയ്മാ വീരവാദം ഉപേക്ഷിക്കണം. മുസ്‌ലിങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ അങ്ങനെയാകാം. അല്ലെങ്കില്‍ മുന്‍ഗാമികളുടെ വിശ്വാസത്തിലേക്ക് മടങ്ങാം അത് അവരുടെ ഇഷ്ടം. "
- മോഹൻ ഭാഗവത് -
ഇത്തരത്തിൽ ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കാതെ, വെള്ളിയാഴ്ച വഅള് പറയാനുള്ള , ഉലമാക്കളുടെ യോഗങ്ങൾ അഖിലേന്ത്യാ തലം മുതൽ മേഖല തലം വരെ നടത്തി ഇവിടെ പ്രവർത്തിക്കാനുള്ള 'സ്വാതന്ത്ര്യം' ആർ എസ് എസ് വിഭാവനം ചെയ്യുന്ന ഇന്ത്യയിലും പൊന്മളക്കും കൂട്ടർക്കും ലഭിക്കും. എന്നാൽ പൊന്മളയുടെ പ്രസംഗത്തെക്കാൾ ചർച്ച ചെയ്യേണ്ടത് അതിന് പിന്നാലെ SSF അവതരിപ്പിച്ച സംഘടന പ്രമേയമാണ്. മുസ്ലിം സമുദായത്തെ ഇരുട്ടത്ത് നിർത്തി നല്ല പിള്ള ചമയുന്നതാണ് ആ പ്രമേയം.
"ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച് വെറുപ്പുൽപാദിപ്പിച്ചു കൊണ്ടല്ല. രാജ്യത്തെയും ഭരണകൂടത്തേയും രണ്ടായി കാണണം. ഫാസിസത്തോടുള്ള വെറുപ്പ് രാഷ്ട്രത്തോടുള്ള വെറുപ്പായി വളർത്തുന്നതിനോട് യോജിക്കാനില്ല. സംഘ പരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടേണ്ടത് സമാനമായ വെറുപ്പുൽപാദിപ്പിച്ച് കൊണ്ടല്ല. രാജ്യത്തിന് അനുഗുണമായ നിലപാടുകളെ സർക്കാരിന് അനുകൂലമായ നിലപാടായി വ്യാഖ്യാനിക്കരുത് "
-SSF സംഘടന പ്രമേയം-
ഭരണകൂടത്തെ തിരുത്താൻ ആരാണിവിടെ രാജ്യത്തിനെതിരെ വെറുപ്പ് ഉൽപാദിപ്പിക്കുന്നത്. സംഘടനയുടെ നിലപാടില്ലായ്മ ചോദ്യം ചെയ്യപ്പെട്ടുമ്പോൾ ഒരു കൂട്ടരെ രാജ്യത്തിനെതിരായ ഭീകരവാദികളായി ചിത്രീകരികരിക്കാനാണ് SSF നേതൃത്വം ശ്രമിക്കുന്നത്. ഭരണകൂടത്തെയും രാജ്യത്തെയും രണ്ടായി കാണാത്ത ഒരു വിഭാഗം ഇവിടെയുണ്ടെന്നും ഞങ്ങൾ അത്തരക്കാരല്ലെന്നും പറയുകയല്ലാതെ മറ്റെന്താണ് ഈ പ്രമേയം ലക്ഷ്യമിടുന്നത്. ഫാസിസത്തോടുള്ള വെറുപ്പ് രാഷ്ട്രത്തോടുള്ള വെറുപ്പായി വളർത്തുന്നതിനോട് യോജിക്കാനില്ലെന്ന് പ്രമേയത്തിൽ പറയുമ്പോൾ അത്തരത്തിൽ ഫാസിസത്തോടുള്ള വെറുപ്പ് രാഷ്ട്രത്തോടുള്ള വെറുപ്പായി വളർത്തുന്ന ഒരു കൂട്ടരിവിടെയുണ്ടെന്ന് SSF നേതൃത്വം ആരോപിക്കുകയാണ്. സംഘ പരിവാറിനെ ചോദ്യം ചെയ്യുന്നവർ രാജ്യത്തെ ചോദ്യം ചെയ്യുന്നവരാകുന്നതെങ്ങനെ.? ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വ്യക്തികളോ സംഘടനകളോ ഇവിടെയുണ്ടോ..? ഭരണഘടനയും രാജ്യത്തിന്റെ അഖണ്ഡതയും ഇല്ലാതാക്കാനുള്ള സംഘ പരിവാർ ശ്രമങ്ങളെ ചൊറുത്ത് തോൽപ്പിക്കാൻ അതിനെതിരെ നിലപാടെടുക്കുന്നവരെ സംഘപരിവാറിനൊപ്പം നിന്ന് ഒറ്റ് കൊടുക്കുന്ന പണി SSF നേതൃത്വം സ്വീകരിക്കരുത്. സംഘടനയുടെ നിലപാടില്ലായ്മയെ മറക്കാൻ സംഘ പരിവാറിനെ ചോദ്യം ചെയ്യുന്ന മുസ്ലി സംഘടനകളടക്കം രാജ്യത്തെ ചോദ്യം ചെയ്യുന്നവരാണെന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമം തന്നെയാണ് എസ് എസ് എഫിന്റേത്.
ബി ജെ പി പൊതുയോഗങ്ങളിലടക്കം പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാരുടെ പ്രസംഗവും എസ് എസ് എഫിന്റെ പ്രമേയവും പരാമർശിക്കപ്പെടുമെന്നതിൽ സംശയം വേണ്ട. ഇതാ കാലങ്ങളായി നമ്മൾ പറഞ്ഞു കൊണ്ടിരിക്കുന്നത് മുസ്ലിം സംഘടനകളും പറയുന്നു. ദേശീയ മുസ്ലീമിന് രാജ്യത്തെ ഒറ്റ് കൊടുക്കുന്ന ശക്തികൾക്കൊപ്പം നിൽക്കാനാവില്ല എന്നിങ്ങനെ അവർ തെരുവുകൾ തോറും നിങ്ങളുടെ വാക്കുകൾ കടമെടുത്ത് പ്രസംഗിക്കും. സംഘ പരിവാറിനെ വിമർശിക്കുന്നവർ രാജ്യത്തെ വിമർശിക്കുന്നവരായി മുദ്രകുത്തുന്ന കാലത്ത് നിങ്ങൾക്ക് മൈക്കുകളിൽ കൂടി തടസ്സമില്ലാതെ വെള്ളിയാഴ്ചകളിൽ പള്ളികളിൽ വഅള് പറയാം. തലയിൽ തൊപ്പി വെച്ച് ഉലമ സമ്മേളനങ്ങൾ നടത്താം. പക്ഷേ എത്ര മറച്ച് വെച്ചാലും നിങ്ങളുടെ നെറ്റിയിൽ ഒറ്റുകാരുടെ ചാപ്പ തെളിഞ്ഞ് നിൽക്കും.
Comments
Post a Comment